മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് (ഐഎസ്എല്‍) രാജ്യത്തെ ഫുട്ബോള്‍ വികസനത്തില്‍ ഇതുവരെ കാര്യമാത്ര പ്രസക്തമായ ഫലം പുറപ്പെടുവിക്കാന്‍ സാധിച്ചില്ലെന്നതു വാസ്തവം. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വിരമിച്ച സൂപ്പര്‍ സ്ട്രൈക്കര്‍ സുനില്‍ ഛേത്രിയെ ദേശീയ ടീമിലേക്കു തിരിച്ചുകൊണ്ടുവന്നത്. ഇത്തരം പശ്ചാത്തലത്തിനിടെ ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ (എഐഎഫ്എഫ്) 2025-26 കലണ്ടറിലും ഐഎസ്എല്‍ ഉള്‍പ്പെട്ടില്ല. പുരുഷ ക്ലബ് ഫുട്ബോളില്‍ ഇന്ത്യയിലെ ഒന്നാം ഡിവിഷനാണ് ഐഎസ്എല്‍. എന്നിട്ടും ഐഎസ്എല്ലിന് എഐഎഫ്എഫിന്റെ 2025-26 സീസണ് കലണ്ടറില്‍ സ്ഥാനം ലഭിച്ചില്ല.
കരാര്‍ പുതുക്കിയില്ല
ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റ് ലിമിറ്റഡാണ് (എഫ്എസ്ഡിഎല്‍) ഐഎസ്എല്‍ നടത്തുന്നത്. 2014ല്‍ ആരംഭിച്ച ഐഎസ്എല്‍ 2019ല്‍ ഇന്ത്യയിലെ ഒന്നാം ഡിവിഷനായി അവരോധിക്കപ്പെട്ടു. അതുവരെ ഐ ലീഗായിരുന്നു ഒന്നാം ഡിവിഷന് ക്ലബ് പോരാട്ടം. ഐഎസ്എല്ലിന്റെ മാസ്റ്റര്‍ റൈറ്റ്സ് എഗ്രിമെന്റ് (എംആര്‍എ) ഈ വര്‍ഷം ഡിസംബറില്‍ അവസാനിക്കും. ഇതു പുതുക്കാത്തതാണ് ഐഎസ്എല്ലിനെ 2025-26 സീസണ് കലണ്ടറില്‍നിന്ന് എഐഎഫ്എഫ് ഒഴിവാക്കാന്‍ കാരണം.
കരാര്‍ പുതുക്കാനും ചര്‍ച്ചകള്‍ക്കുമായി ഏപ്രിലില്‍ എഐഎഫ്എഫ് എട്ട് അംഗ സമിതി രൂപീകരിച്ചിരുന്നു. എന്നാല്‍, ചര്‍ച്ചകള്‍ എങ്ങും എത്തിയില്ല.
ക്ലബ്ബുകള്‍ ആശങ്കയില്‍
2025-26 സീസണിലേക്കുള്ള കളിക്കാരുടെ ട്രാന്‍സ്ഫര്‍ അടക്കമുള്ള ചര്‍ച്ചകളിലാണ് ഐഎസ്എല്‍ ക്ലബ്ബുകള്‍. ഐഎസ്എല്‍ എന്നു തുടങ്ങുമെന്ന കൃത്യത ഇല്ലാതായതോടെ ക്ലബ്ബുകളും കളിക്കാരും ആശങ്കയിലായിരിക്കുകയാണ്.
ഡ്യൂറന്‍ഡ് കപ്പ് (ജൂലൈ 7-ഓഗസ്റ്റ് 23), സൂപ്പര്‍ കപ്പ്/ഫെഡറേഷന് കപ്പ് (സെപ്റ്റംബര്‍ 1-20), ഐ ലീഗ് (ഒക്ടോബര്‍ 10-ഏപ്രില്‍ 30), സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് (ജനുവരി 1-20) ടൂര്‍ണമെന്റുകളുടെ ഷെഡ്യൂള്‍ എഐഎഫ്എഫ് പ്രസിദ്ധപ്പെടുത്തി.